Wednesday, December 2, 2020

എന്റെ പൊന്നു മെമ്പറേ എന്തൊരു ജീവിതമാണ് നിങ്ങളുടേത്! ..നമിച്ചു ......! ______________________________________ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇതാ അടുത്തെത്തി. കേരളം മുഴുവൻ ഇനി പഞ്ചായത്ത് മെമ്പർമാരെ തിരഞ്ഞെടുക്കാനുള്ള നെട്ടോട്ടത്തിലാണ്. അഞ്ച് വർഷം മുമ്പ് മത്സരിച്ച് ജയിച്ച നമ്മുടെ ഇപ്പോഴത്തെ പഞ്ചായത്ത് മെമ്പർമാരുടെ ജീവിതം നിരീഷിച്ചിട്ടുണ്ടോ...? പ്രത്യേകിച്ചും സജീവ രാഷ്ട്രിയ പ്രവർത്തകരാല്ലാതിരുന്നിട്ടും യാദൃശ്ചികമായി, ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരികയും പിന്നെ വിജയിക്കുകയും ചെയ്ത പഞ്ചായത്ത് പുരുഷ/ വനിതാ മെമ്പർമാരുടെ ജീവിതം. രാഷ്ട്രീയമായി മാത്രം തീരുമാനിച്ച് സ്ഥാനാർത്ഥിയെ നിർത്തിയാൽ ജയിക്കാൻ കഴിയാത്ത വാർഡുകളിൽ മിക്ക പാർട്ടികളും പൊതു സമ്മതരെ തേടും. കുഴപ്പമില്ലാത്ത ജീവിതം നയിക്കുന്നവരും ,എല്ലാവരുമായി സൗഹൃദത്തിൽ പെരുമാറാൻ കഴിയുന്നവരും , ജാതി മത സമുദായ പിന്തുണയുമുള്ള സ്ത്രീ /പുരുഷൻമാരെ യാണ് സ്ഥാനാർത്ഥികളാക്കാൻ എല്ലാ പാർട്ടിക്കാരും ആഗ്രഹിക്കുക. അത്തരക്കാരെ നന്നായി നിർബന്ധിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറക്കുക. "ഒരു പേടിയും പേടിക്കണ്ട ഞങ്ങൾ ഒപ്പമുണ്ടാകു" മെന്നും "ഒന്ന് നിന്ന് തന്നാൽ മതി ബാക്കിയെല്ലാം ഞങ്ങളേറ്റു "വെന്നുമൊക്കെ പറഞ്ഞാണ് മിക്ക പുതുമുഖങ്ങളെയും സ്നേഹ പൂർവ്വം നിർബന്ധിച്ച് രാഷ്ട്രിയ പാർട്ടികളും അണികളും സ്ഥാനാർത്ഥിയാക്കുക തിരഞ്ഞെടുപ്പ് രംഗത്ത് അണികൾ ആത്മാർത്ഥമായി തന്നെ ഈ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കും. ഈ ബലഹീനനായ തന്നെ വിജയിപ്പിക്കാൻ പാർട്ടികളും അണികളും കാണിക്കുന്ന ആത്മാർത്ഥത കണ്ട് സ്ഥാനാർത്ഥികൾ പുളകും കൊള്ളും. അണികൾക്കു മുന്നിൽ സ്നേഹപൂർവ്വം തല കുനിക്കും അങ്ങിനെ വാശിയേറിയ മത്സരത്തിൽ സ്ഥാനാർത്ഥി വിജയിച്ച് പഞ്ചായത്ത് മെമ്പർ ആകും . മെമ്പർ ആയ ആദ്യത്തെ മാസങ്ങൾ എത്ര സന്തോഷകരമാണെന്ന് അറിയുമോ ? എല്ലായിടത്തു നിന്നും അഭിനന്ദനങ്ങൾ! സ്വീകരണ സമ്മേളനങ്ങൾ! ഭാര്യ / ഭർത്താവ് , മക്കൾ അമ്മായിയമ്മ , അയൽ വാസികൾ തുടങ്ങിയവരുടെ മുന്നിൽ ഇതുവരെയുണ്ടായിരുന്നതിനേക്കാൾ ഉയർന്ന വ്യക്തിത്വം മെമ്പർക്ക് കിട്ടുന്നതായി തോന്നും. എല്ലായിടത്തു നിന്നും സ്നേഹം മാത്രം കിട്ടുന്ന കാലം. വിവാഹം കഴിഞ്ഞുള്ള ഹണിമൂൺ കാലം പോലെയാണ് ഓരോ മെമ്പർക്കും ആദ്യത്തെ ഏതാനും മാസങ്ങൾ. വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നതോടു കൂടി മെമ്പർമാരോട് ആളുകൾ പ്രത്യേകമായി കൂടുതൽ സ്നേഹം കാണിക്കും. വീടുകൾ, വീട് റിപ്പയർ, തുടങ്ങി ടിവി, ലാപ് ടോപ്പ്, ആട്, കോഴി തുടങ്ങിയ വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്യും വരെ ഈ സ്നേഹത്തിന്ന് ഒരു കുറവുമുണ്ടാവില്ല. എന്നാൽ ആനുകൂല്യം വിതരണം ചെയ്യുന്നതോടെ ഒരു ആനുകൂല്യവും ലഭിക്കാത്ത അപേക്ഷകർക്കിടയിൽ മെമ്പർക്കെതിരെയുള്ള അസംതൃപ്തി കുറേശ്ശെ തല പൊക്കും. ഒരു വർഷം കഴിയുമ്പോഴേക്കും മെമ്പർ പണി അത്രയെളുപ്പമുളള പണിയല്ലെന്ന് പുതിയ പഞ്ചായത്ത് അംഗങ്ങൾ മനസിലാക്കി തുടങ്ങും. വാർഡിലെ ഏത് മൂലയിലേക്കും പഞ്ചായത്ത് അംഗം എത്തണം. മരണ ജനന സർട്ടിഫിക്കറ്റും വിവാഹ സർട്ടിഫിക്കറ്റുമൊക്കെ പഞ്ചായത്ത് മെമ്പർ മാർ വീട്ടിലെത്തിച്ച് തരേണ്ടതുണ്ടെന്നാണ് പൊതുവെ ജനം കരുതുന്നത്. വാർഡിലെ ആരെയെങ്കിലും പെറ്റി കേസിലോ മറ്റോ പോലീസ് പിടിച്ചാൽ മോചനത്തിന് ആദ്യം വിളിക്കുക ,പഞ്ചായത്ത് മെമ്പറെയാണ്. തന്റെ ' പ്രജ' യെ പോലീസിന്റെ കയ്യിൽ നിന്ന് ഇറക്കാൻ ആ മെമ്പർക്ക് കഴിഞ്ഞില്ലെങ്കിൽ 'മെമ്പർ പോരാ ' എന്ന കുറ്റം ഉടൻ ചാർത്തി കിട്ടും. പൊതുടാപ്പിൽ വെളളം വന്നില്ലെങ്കിൽ, തെരുവ് വിളക്ക് കത്തിയില്ലെങ്കിൽ , വൈദ്യുതി മുടങ്ങിയാൽ എല്ലാം ആദ്യം വിളി എത്തുക മെമ്പർമാരുടെ ഫോണിലേക്കായിരിക്കും. റോഡ് പൊളിഞ്ഞത് മുതൽ മൊബൈൽ ഫോണിന്റെ റെയ്ഞ്ച് ലഭിക്കാത്തത് വരെയുള്ള പ്രശ്നങ്ങൾ മെമ്പർ പരിഹരിക്കണം. നാട്ടിലെ സകലമാന സമുദായ സംഘടനകൾ , അമ്പലം പള്ളികൾ , ക്ലബുകൾ തുടങ്ങിയവയുടെ എല്ലാ പരിപാടിക്കും മെമ്പർ നിർബന്ധമായി പങ്കെടുത്തിരിക്കണം. ജയിപ്പിച്ച പാർട്ടിയുടെ ബാല സംഘടന മുതലുള്ള എല്ലാ സംഘടനയുടെയും പരിപാടികളിലും പങ്കെടുക്കേണ്ടിവരും. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പാതിരായ്ക്കായിരിക്കും മിക്ക ദിവസങ്ങളിലും മെമ്പർമാർക്ക് വീട്ടിൽ ചെന്ന് കയറാൻ കഴിയുക. നാട്ടുകാരുടെ പരാതിയെല്ലാം കേട്ട് വീട്ടിൽ എത്തിയാൽ പിന്നെ വീട്ടുകാരുടെ പരാതിക്ക് പരിഹാരം കാണണം. മിക്ക പഞ്ചായത്ത് മെമ്പർ മാർക്കും മറ്റ് ജോലിക്കൊന്നും പോവാൻ കഴിയില്ല. മിക്കവരുടെയും വരുമാനം പഞ്ചായത്തിൽ നിന്ന് മാസത്തിൽ ലഭിക്കുന്ന ഹോണറേറിയം മാത്രം ആയി ചുരുങ്ങും. ഈ തുക കൊണ്ട് കുടുംബ ചിലവിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയായിരിക്കും മിക്ക മെമ്പർമാരും . ഏഴായിരത്തി അഞ്ഞൂറോ മറ്റോ ആണ് ഹോണറേറിയം. കാത്തിരുന്ന ഹോണറേറിയം കിട്ടുമ്പോഴായിരിക്കും പാവപ്പെട്ട ഏതെങ്കിലും രോഗികൾക്ക് വേണ്ടി ചികിത്സാ സഹായത്തിന്റെ പിരിവ് തുടങ്ങിയിട്ടുണ്ടാകുക. പിന്നെ ഹോണറേറിയത്തിൽ നിന്ന് നല്ലൊരു തുക ചികിൽസാ സഹായത്തിന് നൽകേണ്ടി വരും. ചില പാർട്ടികളുടെ മെമ്പർ മാർക്ക് പാർട്ടി ലെവിയും ഇതിൽ നിന്ന് നൽകേണ്ടി വരും. സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന ചില മെമ്പർമാർ കയ്യിൽ നിന്ന് കാശെടുത്ത് കുടിവെള്ള വിതരണമൊക്കെ നടത്തിയാൽ മറ്റ് വാർഡ് മെമ്പർമാരും സ്വന്തംകയ്യിൽ നിന്ന് കാശെടുത്ത് ചിലവിടേണ്ടി വരും. അല്ലെങ്കിൽ വാർഡിലെ പ്രജകളുടെ തെറി വിളി കേൾക്കും. ബൈക്കിന് പെട്രോൾ അടിക്കാനും ഫോൺ ചാർജ്ജ് ചെയ്യാനും വേണം മാസത്തിൽ നല്ലൊരു തുക. കോവിഡ് കാലം മെമ്പർ മാർക്ക് നൽകിയത് ഏറെ ക്ലേശകരമായ ജീവിതമാണ്. കോറൻ റ്റൈനിൽ ഇരിക്കുന്ന പല പാവപ്പെട്ട വീട്ടുകാർക്കും സ്വന്തം കയ്യിൽ നിന്ന് പലചരക്ക് സാധനങ്ങളും മരുന്നുകളും മിക്ക മെമ്പർമാരും വാങ്ങി നൽകേണ്ടി വന്നിട്ടുണ്ട്. പീപി കിറ്റ് അണിഞ്ഞ് ശവസംസ്ക്കാരം വരെ നടത്തിയിട്ടുണ്ട് ചില മെമ്പർമാർ. മെമ്പർമാർക്ക് രാത്രിയിൽ വീട്ടിൽ സുഖമായി കിടന്നുറങ്ങുവാൻ പോലും എളുപ്പമല്ല. ഒന്നുറങ്ങി വരുമ്പോഴായിരിക്കും ഫോൺ വരുക. ആരെങ്കിലും മരിച്ചെന്നോ, രോഗം മൂർച്ചിച്ച് ആസ്പത്രിയിലേക്ക് പോകണമെന്നോ , രാഷ്ട്രിയ സംഘർഷം നടന്നെന്നോ , കള്ളൻ കയറി യെന്നൊക്കെയുള്ള ഫോൺകോളുകൾ. അപവാദം കേൾക്കലാണ് മറ്റൊരു പ്രശ്നം. " വല്ലതും പോക്കറ്റിൽ തടയാണ്ടെ യിരിക്കില്ലാ .." എന്നത് എപ്പഴും കേൾക്കേണ്ടി വരും. ചില സദാചാരക്കാർ മെമ്പർമാരുടെ , പ്രത്യേകിച്ച് വനിതാ മെമ്പർമാരുടെ , ജീവിതം നിരന്തരം വീക്ഷിച്ച് കൊണ്ടിരിക്കും. ഏത് നിമിഷവും അപവാദ പ്രചരണങ്ങൾ സദാചാരക്കാർ പുറത്ത് വിടാം. ആ അപവാദങ്ങൾ രാഷ്ട്രിയമായി എതിർപക്ഷം ഏറ്റെടുത്താൽ പിന്നെ ആ മെമ്പറുടെ ജീവിതം കട്ട പുകയാണ്. ആദ്യമൊക്കെ കുടുംബാംഗങ്ങളുടെ പിന്തുണ കിട്ടുമെങ്കിലും പിന്നെ പിന്നെ അത് കുറയും. വനിതാ മെമ്പർ മാർക്ക് ഏൽപ്പിച്ച ചുമതലകൾക്കായി ഓടേണ്ടി വരുമ്പോൾ പലപ്പോഴും ഭർത്താവ് , അമ്മായിയമ്മ, മക്കൾ എന്നിവരിൽ നിന്നെല്ലാം കുത്ത് വാക്കുകൾ കേൾക്കേണ്ടിവരും. എങ്കിലും ഭൂരിപക്ഷം പഞ്ചായത്ത് അംഗങ്ങളും സംതൃപ്തിയോടെയാണ് 5 വർഷത്തെ ജന സേവനം പൂർത്തിയാക്കുന്നത്. അത്രമേൽ വിലയേറിയ ജീവിതാനുഭവങ്ങളാണ് ഈ 5 വർഷം ഓരോ മെമ്പർക്കും സമ്മാനിക്കുന്നത്. ' മെമ്പറേ... എന്ന് വിളിച്ച് വാർഡിലെ ജനങ്ങൾ പറയുന്ന പരാതികൾ പരിഹരിക്കാൻ കഴിയുന്നത് അത്രമേൽ മഹത്തരമാണ്. ജന പ്രതിനിധികളുടെ പ്രതിഫലം മാസം ഒരു 25000 രൂപയെങ്കിലും ആക്കിയാലെ അവർക്ക് മാന്യമായി ജീവിക്കാനാവൂ. അല്ലെങ്കിൽ ചില മെമ്പർമാരെങ്കിലും നിവർത്തികേടു കൊണ്ട് ചില കോൺട്രാക്ട്ടർമാരിൽ നിന്ന് ചിലത് ഇരന്ന് വാങ്ങേണ്ടി വരും.