Friday, November 27, 2020

പഴഞ്ഞി പെരുന്നാളും ശവക്കോട്ടയും പിന്നെ കോവിഡും. ........................................... പഴഞ്ഞി പെരുന്നാളിൻ്റെയന്ന്, പ്രത്യേകിച്ച് പെരുന്നാൾ രാത്രിയിൽ ശവക്കോട്ടയിലേക്ക് പോയി നോക്കിയിട്ടുണ്ടോ..? പുറത്ത് ബാൻഡ്സെറ്റും ശിങ്കാരിമേളവും നാടൻ ചെണ്ടയും ആൾക്കൂട്ടവും ആരവങ്ങളും തിമർക്കുമ്പോൾ വെറുതെയൊന്ന് ശവക്കോട്ടയിലെ കാഴ്ച്ചകൾ കാണാൻ ചെല്ലുന്നത് ഒരു പ്രത്യേക അനുഭവമാണ്. പല കാഴ്ച്ചകൾ അതിന്നുള്ളിൽ നമ്മളെ കാത്തിരിക്കുന്നുണ്ടാകും.. ശവക്കോട്ടയിൽ ഒരുപാട് സ്ഥലങ്ങളിൽ പാതിയുരുകിയ മെഴുക് തിരികൾ പരത്തുന്ന വെളിച്ചം കാണാം. അകന്ന് പോയ വേണ്ടപ്പെട്ടവരുടെ ഓർമ്മക്കായ് പ്രിയപ്പെട്ടവർ കത്തിച്ചു വെച്ച പ്രകാശങ്ങൾ... മക്കളുടെയും കുഞ്ഞു മക്കളുടെയുമൊപ്പം വന്ന് അപ്പാപ്പൻ്റെയും അമ്മാമ്മയുടെയുമൊക്കെ ശവക്കല്ലറകൾ കാണിച്ച് കൊടുക്കുന്ന ഒട്ടേറെ പേരെ അന്ന് ശവക്കോട്ടയിൽ കാണാം. പുതു തലമുറയെ ക്കൊണ്ട് പഴയ തലമുറയുടെ കല്ലറകളിൽ മെഴുക് തിരി നാളം തെളിയിപ്പിക്കാനെത്തുന്നവർ. ഒറ്റയ്ക്ക് വന്ന് അപ്പൻ്റെയും അമ്മയുടെയും കല്ലറക്ക് മുന്നിൽ നിന്ന് മൗനമായി പ്രാർത്ഥിക്കുന്നവരെ കാണാം.. വേണ്ടപ്പെട്ടവരുടെ ശവകല്ലറക്കു മുന്നിൽ നിന്ന് വിതുമ്പി അവരോട് പയ്യാരം പറയുന്ന ചിലരെ കാണാം. കുടുംബ സഹിതം കടന്ന് വെന്ന് ശവക്കല്ലറകൾ തിരഞ്ഞ് പിടിച്ച് "ഇതുമ്പടെ ഉപ്പാപ്പൻ്റെ... " "അപ്പുറത്തേത് ഉമ്മാമ്മടെ ... അതുമ്പടെ വല്ല്യ ചാച്ചൻ്റെ... " എന്നിങ്ങനെ ഓരോ കല്ലറയും പരിചയപ്പെടുത്തുന്ന ചിലരെ കാണാം. കഴിഞ്ഞ പെരുന്നാൾ വരെയൊപ്പം ഉണ്ടാവുകയും ഇപ്പോൾ കല്ലറകളിൽ അടക്കം ചെയ്യപ്പെടുകയും ചെയ്ത പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങളിൽ തോരാത്ത കണ്ണീർ പൊഴിക്കുന്നവരെ കാണാം. മനോഹരവും വിലയേറിയതും മായ ടൈൽസും മാർബിളുമിട്ട് ക്കെട്ടിപടുത്ത ശവക്കല്ലറകൾ അഭിമാനത്തോടെ മറ്റുള്ളവർക്ക് കാണിക്കുന്നതിനായി എത്തുന്നവരെ കാണാം.. കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ ഒപ്പം ചാടിക്കളിച്ച് തിമിർത്ത കൂട്ടുകാരൻ അപ്രതീക്ഷിതമായി കല്ലറയിലെത്തിയ വിഷമം പറഞ്ഞ് തീർക്കുന്ന സുഹൃത്ത് കൂട്ടത്തെ കാണാം. അവൻ്റെ പെരുന്നാൾ കഥകൾ ഓരോന്നായി പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കൂട്ടുകാരെയും കാണാം. പെരുന്നാൾ മുഴുവൻ കണ്ട്, അങ്ങാടി മുഴുവൻ നടന്ന് ക്ഷീണിച്ച് വിശ്രമിക്കാനായി ശവക്കോട്ടയിലെത്തി നല്ല വീതിയിൽ ടൈൽസ് വിരിച്ച ശവകല്ലറകളുടെ മുകളിൽ ഇരുന്ന് സൊറ പറയുന്നവരെ കാണാം. അവിടെയിരുന്ന് രാഗദീപയാണോ കൈരളിയാണോ മികച്ചതെന്ന തർക്കം നടത്തുന്നത് കാണാം. ആ കല്ലറയിൽ കിടക്കുന്ന ആളുടെ മക്കളോ മറ്റോ ആ സമയത്ത് വന്നാൽ 'നൈസായി' അവിടെ നിന്ന് മാറിയിരുന്ന് അവർക്ക് പ്രാർത്ഥിക്കാൻ അവസരം കൊടുക്കുന്നതും കാണാം. പെരുന്നാൾ 'വെള്ളം ' അകത്ത് ചെന്ന് , കാലുറക്കാതെ വന്ന് അപ്പൻ്റെ കല്ലറക്കു മുന്നിൽ വന്ന് ഉറക്കെ കരയുന്നവരെ കാണാം. ചിലർ അപ്പന്മാരെ ചീത്ത പറയുന്നതും കാണാം... ബാല്യത്തിലേ നഷ്ടപ്പെട്ട മക്കളെയോർത്ത് വിതുമ്പുന്ന അമ്മമാരെ കാണാം. അകാലത്തിൽ പിരിഞ്ഞ് പോയ പാതിയുടെ കുഴിമാടത്തിന് മുന്നിൽ കണ്ണീരോടെ നിൽക്കുന്ന മറു പാതിയെ കാണാം. പണ്ടത്തെ ശവകല്ലറകൾ കെട്ടിപ്പടുത്തതിൻ്റെ ഭംഗി കാണാനെത്തുന്നവരെ കാണാം. ഏറ്റവും പഴയ കല്ലറ തേടി ,1100 കളിലെ കല്ലറ നിർമ്മിതികൾ തേടി നടക്കുന്ന ചരിത്ര തൽപ്പരരെ കാണാം. ചിലർ കൗതുകത്തിനായി പണ്ടത്തെ തെമ്മാടി കുഴി അന്യേഷിച്ച് നടക്കുന്നത് കാണാം. കഴിച്ചത് "ഓവറായ ' തിനാൽ ലക്കുക്കെട്ട് ഒരടി വെച്ചാൽ വീണുപോകുമെന്ന അവസ്ഥ വന്നാൽ ടൈൽസിട്ട കല്ലറകളുടെ മുകളിൽ മലർന്ന കിടക്കുന്നവരെ കാണാം. കല്ലറയുടെ മറവ് തേടി അച്ചാറും വെള്ളവുമായി കുപ്പിയുമായി സൊറ പറയാനെത്തുന്നവരെയും കാണാം. മറ്റുചിലർ കല്ലറക്കു മുകളിൽ കിടന്ന് പൊട്ടി വിരിയുന്ന അമിട്ട് നോക്കി ആസ്വാദിക്കുന്നതും ചിലർ കല്ലറക്കു മുകളിൽ ഇരുന്ന് ഐസും കരിമ്പുമൊക്കെ തിന്നുന്നതും കാണാം. ഇങ്ങിനെ ഇങ്ങിനെയുള്ള ഒരു പാട് കാഴ്ച്ചകൾ ശവക്കോട്ടയിൽ കാണാം. ഒരു പക്ഷെ ഈ ശവക്കോട്ടയിലെ അന്തേവാസികൾ ഇക്കുറിയും ഒക്ടോബർ രണ്ട് വരാൻ കാത്തിരുന്നിട്ടുണ്ടാവും. രാത്രിയിൽ ചെവിയോർത്ത് കിടന്നിട്ടുണ്ടാവും ബാൻഡ്സെറ്റിൻ്റെ , ചെണ്ടയുടെ , ശബ്ദം കേൾക്കാൻ... തങ്ങളുടെ പ്രിയപ്പെട്ടവരുടെ കാലൊച്ച കേൾക്കാൻ.. പ്രിയപ്പെട്ടവർ തങ്ങളെ ഓർമിച്ച് വിതുമ്പുന്നത് കണ്ട് കോരിതരിക്കാൻ അവർ തീർച്ചയായുേ കാത്തിരിന്നിട്ടുണ്ടാവും. പക്ഷെ അവർ അറിയുന്നില്ലല്ലോ .... ഇത്തിരി പോന്ന കോവിഡ് വൈറസ് ആ ആശകളെല്ലാം ഇക്കുറി തകർത്ത കാര്യം..

 അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ എന്ത്....?

                                ........

ആറ് വർഷം മുന്നെ ടെൽക്കിൽ വന്ന കാലം.. ഒരു ദിവസം കാൻറ്റീനിൽ നിന്ന് ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ കിട്ടിയ കറി എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു... പച്ച മാങ്ങ വലിയ കഷ്ണങ്ങളാക്കി നുറിക്കിയിട്ട് ,തേങ്ങാ പാലൊഴിച്ച ഒരു കിടിലൻ കറി. ആ കറി കഴിച്ചപ്പോഴേ കുന്നംകുളം 'മീൻ കൂട്ടാൻ്റെ ' ഒരു രസം നാവിലേക്ക് കുതിച്ചെത്തി.

അന്ന് കിട്ടിയ ആ കറി ഏറെ പ്രശസ്തമായ അങ്കമാലി മാങ്ങാ കറിയാണെന്ന് ടെൽക്കിലെ കൂട്ടുകാർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എനിക്കേറെ ഇഷ്ട്ടായ ആ മാങ്ങാകറി പിന്നെ എത്രയോ തവണ കഴിച്ചു. അങ്കമാലിയിലെ ഏത് ചടങ്ങിലും മാങ്ങാ കറിയുണ്ടാവും. കല്ല്യാണങ്ങൾ, വീട് പാർക്കൽ, റിട്ടയർമെൻ്റ്, വിരുന്ന്, ആദ്യ കുർബ്ബാന.. എന്ന് വേണ്ട എല്ലാ പരിപാടികളിലും മാങ്ങാ കറിയില്ലാതെ അങ്കമാലിക്കാർക്ക് ഊണ് ഇറങ്ങില്ല. കഴിച്ച നാൾ മുതൽ ഞാനും അങ്കമാലി മാങ്ങാകറിയുടെ കട്ട ആരാധകനാണ്...

 അങ്കമാലി മാങ്ങാ കറി നാവിൽ വെക്കുമ്പോഴൊക്കെ എനിക്ക് ഓർമ്മ വരിക കുന്നംകുളത്തെ കണ്ണമീൻ കറിയാണ്. മാങ്ങാ പൂളിനൊപ്പം അമ്മാമ്മയുടെ കാതുപോലെയുള്ള കണ്ണമീൻ കഷ്ണങ്ങളും ചേർന്ന് പാലൊഴിച്ച അസ്സൽ കണ്ണമീൻ കറി.

അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ സാമ്യതകൾ ഏറെയുണ്ടെങ്കിലും ഇവ രണ്ടും നമുക്ക് നൽകുന്ന രുചി രണ്ട് തരത്തിലുള്ളതാണ്. അതത് നാടിൻ്റെ തനതായ എന്തോ മാന്ത്രിക സ്പർശം ഈ രണ്ട് നാടുകളും അവരവരുടെ കറിക്കൂട്ടിൽ ചേർത്തിട്ടുണ്ട്.

അങ്കമാലി മാങ്ങാ കറിയിൽ പച്ച മാങ്ങ തന്നെയാണ് നായകൻ. എന്നാൽ കുന്നംകുളം കണ്ണമീൻ കൂട്ടാൻ തെങ്കാശിപട്ടണം സിനിമ പോലെയാണ്. സുരേഷ് ഗോപിയെ പോലെ കണ്ണമീൻ ആണ് പ്രധാന നായകൻ. എന്നാൽ ആ സിനിമയിലെ ലാലിനെ പോലെ മാങ്ങാ കഷ്ണവും നായക തുല്യനാണ്.

പുളി കുറഞ്ഞ മാങ്ങയാണ് അങ്കമാലി മാങ്ങാ കറിക്ക് കൂട്ട്. എന്നാൽ കുന്നംകുളത്തെ കണ്ണമീൻ കറിയിൽ മാങ്ങായ്ക്ക് ഇച്ചിരി പുളിപ്പൊക്കെ നിർബന്ധമാണ്..

അങ്കമാലി മാങ്ങാ കറിയിൽ നെടുനായകത്വം വഹിക്കുന്നത് പച്ച മാങ്ങയാണ്. മാങ്ങ വലിയ കഷ്ണങ്ങളായി അങ്കമാലി മാങ്ങാ കറിയിൽ രംഗം നിറഞ്ഞ് കളിക്കുമ്പോൾ കുന്നംകുളം മീൻ കറിയിൽ മാങ്ങാ കഷ്ണങ്ങൾ ഒന്ന് ഒതുങ്ങിയേ രംഗത്തുണ്ടാവൂ. 
കത്തികൊണ്ട് ഭംഗിയായി പൂളി അത് കൃത്യ അളവുകളായി മുറിക്കപ്പെട്ട്, അമ്മാമ ചെവി പോലെയുള്ള കണ്ണമീൻ കഷ്ണങ്ങൾക്കൊപ്പം രംഗത്തുണ്ടാവുകയെന്നതാണ് കുന്നംകുളം കറിയിൽ പച്ചമാങ്ങാ
യുടെ റോൾ.

ചെറിയ ഉള്ളി, പച്ചമുളക്, മുളക് , മല്ലി , മഞ്ഞൾ പൊടികൾ, തേങ്ങാപാൽ, വെളിച്ചെണ്ണ തുടങ്ങിയവ തന്നെയാണ് രണ്ടിലെയും സഹകഥാപാത്രങ്ങൾ..

മേൽ പറഞ്ഞതെല്ലാം വേണ്ട അളവിൽ കൂട്ടി ചേർത്ത് വെളിച്ചെണ്ണ ഒഴിച്ച് കൈ കൊണ്ട് ഒന്ന് തിരുമി മൺചട്ടിയിൽ ഇടുന്നത് തന്നെയാണ് രണ്ടിൻ്റെയും സ്വാദിൻ്റെ അടിസ്ഥാന ട്രീറ്റ്മെൻറ്. 

 തിളക്കുമ്പോൾ രണ്ടാം പാലും മാങ്ങാ കഷ്ണവും ചേർത്ത് വേവിക്കുക. പിന്നെ ഒന്നാം പാൽ ചേർത്ത് ഒന്നങ്ങട്ട് തിളച്ച് മറിക്കുക. പിന്നെ ഇത്തിരി കറുകപ്പട്ട , പെരുംജീരക പൊടി, വിനാഗിരിയുമൊക്കെ ചേർത്ത് ഇളക്കുക. ചെറു ഉള്ളി,കറിവേപ്പില തുടങ്ങിയവയൊക്കെ ചേർത്ത് പൊട്ടിചിട്ടാൽ അങ്കമാലി മാങ്ങാ കറിയിൽ നിന്ന് കൊതിയൂറുന്ന മണം ഉയരും. ഇത് മാത്രം മതി ഒരു പറ ചോറുണ്ണാൻ.

കുന്നംകുളം മാങ്ങാ കറിയിൽ മാങ്ങാ കഷ്ണങ്ങൾക്കൊപ്പം കണ്ണമീൻ കഷ്ണങ്ങളും ചേർക്കും. കണ്ണമീനും പുളിമാങ്ങയും ചേർന്ന് വേവുമ്പോൾ ഉയരുന്ന മണമുണ്ടല്ലോ.. ഹാ.. ഹാ..അന്തസ്സ് .. വായയിൽ കപ്പലോടും.. പിന്നെ കുന്നംകുളം രീതിയിൽ 'താളിക്കലും ' കഴിഞ്ഞാൽ തകർപ്പനായി..

പണ്ട് കല്ല്യാണ വീടുകളിൽ തലേ ദിവസം മാങ്ങാ കറിയും കണ്ണമീൻ കറിയുമൊക്കെയുണ്ടാക്കുന്നത് സംഭവമായിരുന്നു.

പണ്ട് കുന്നംകുളത്തെ കല്ല്യാണ വീടുകളിൽ തലേ ദിവസത്തെ കണ്ണമീൻ വെപ്പ് ഒരു സംഭവം തന്നെയായിരുന്നു.വട്ട ചെമ്പുകളിൽ വെള്ളത്തിൽ നീന്തി തുടിക്കുന്ന കണ്ണമീനുകൾ.. അതിൽ മിടുക്കരായ ചില മീനുകൾ പുറത്ത് ചാടുമ്പോൾ അതിന് പിടികൂടാനുള്ള കുട്ടികളുടെ ബഹളം...

ഉരച്ച് മീനിൻ്റെ തൊലി കളയുന്ന സ്ത്രീകളുടെ നാട്ടുവർത്തമാനം..

അമ്മാമ കാതു പോലെ കണ്ണമിൻ കഷ്ണങ്ങൾ കലാപരമായി നുറുക്കുന്ന വിദഗ്ദ്ധരുടെ കൂട്ടം.. മാങ്ങാ പൂളി ക്യത്യ അളവുകളിൽ ചെരിച്ച് കഷ്ണങ്ങളാക്കുന്ന ചേച്ചിമാരുടെ കലപില വർത്തമാനം.
 തേങ്ങ ചിരകലിൻ്റെയും പിഴിയിലിൻ്റെയും ബഹളം..
വലിയ ഉരുളിയിൽ കണ്ണ മീൻ കറി തയ്യാറാക്കുന്ന അയൽപക്കത്തെ തലമുതിർന്ന പാചക സാമ്രാട്ടുകൾ... 

ഒടുവിൽ കണ്ണമീൻ കറി ചാറോടെ വിളമ്പുന്ന നാട്ടിലെ വിളമ്പ് കാരുടെ ബഹളം..
 കണ്ണൻ മീൻ കറി
വിളമ്പൽ അത്ര എളുപ്പമുള്ള പരിപാടിയല്ല.. ചാറ് തുളമ്പി മറ്റുള്ളവരുടെ മേലും അവരവരുടെ മുണ്ടിലും ആക്കാതെ വിളമ്പുന്നത് ഇച്ചിരി പാടുള്ള പണിയാണ്.

എന്തായാലും അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ ഏതോ ഒരു അന്തർധാരയുണ്ടെന്നാണ് എൻ്റെ ഒരു തോന്നൽ. 
 
  ------ NB. കണ്ണമീൻ എന്ന് പറഞ്ഞാൽ വരാൽ അഥവാ ബ്രാൽ

No comments: