Friday, November 27, 2020

സൈക്കിൾ പണ്ടേ ഇഷ്ട്ടമാണ്... ഒരു വെളുത്ത ബനിയനും വെള്ള മുണ്ടും ധരിച്ച് ,പിന്നിലെ ഇരുമ്പ് കാരിയറിൽ കവുങ്ങിൻ പട്ടയുടെ കെട്ടോ, ഒരു ചാക്ക് അടയ്ക്കയോ ആയി സൈക്കിൾ ചവിട്ടി വരുന്ന ആറടിക്കാരനായ അപ്പച്ഛന്റെ രൂപമാണ് സൈക്കിൾ കാണുമ്പോൾ ആദ്യം ഓർമ്മ വരിക... പാടത്തേക്ക് വിത്തും വളവുമൊക്കെ സൈക്കിളിന്റെ പിന്നിൽ വെച്ച് ചവിട്ടി പോകുന്ന അപ്പച്ഛന്റെ ചിത്രങ്ങൾ ഇന്നും മനസിലുണ്ട് അപ്പച്ഛന്റെ സൈക്കിളിന്റെ പിന്നിൽ ഇരുന്ന് കൂടുതലും പോയിട്ടുള്ളത് കവുങ്ങിൻ പറമ്പുകളിലേക്കും പാടത്തേക്കുമാണ്.. അപ്പച്ഛൻ കരാർ എടുത്ത കവുങ്ങിൻ തോട്ടങ്ങളിൽ വീണ് കിടക്കുന്ന ചള്ളടയ്ക്കയും പഴുക്കടയ്ക്കയും പറുക്കി സഞ്ചിയിലാക്കി വരുന്ന ഒരു പാട് സൈക്കിൾ യാത്രകൾ .. നാട്ടിൽ സൈക്കിൾ മിക്കപ്പോഴും അപ്പച്ഛന്റെ കൂടെ കാണും . ഹൃദയ രോഗ പ്രശ്നങ്ങളാൽ സൈക്കിൾ ചവിട്ടിയാൽ കിതപ്പ് തുടങ്ങിയ കാലത്തും സൈക്കിൾ കൊണ്ട് പോകും. എന്നിട്ട് മെയ്താപ്പളയുടെ കയറ്റമെത്തിയാൽ സൈക്കിളിൽ നിന്ന് ഇറങ്ങി തള്ളും. സൈക്കിൾ ചവിട്ട് പഠിച്ചതും അപ്പച്ഛന്റെ സൈക്കിളിൽ നിന്ന് തന്നെയാണ്. ആദ്യം ഉന്തി നടന്നു. പിന്നെ 'ഇടക്കാലിട്ട്' ചവുട്ടി പഠിച്ചു. സീറ്റിൽ കയറി ഇരുന്ന് ചവിട്ടാൻ തുടങ്ങിയപ്പോൾ ആദ്യ ദിവസങ്ങളിൽ വീഴാതിരിക്കാൻ സൈക്കിളിന്റെ കൂടെയോടി വീഴാൻ പോകുമ്പോൾ താങ്ങിയതും അപ്പച്ഛൻ തന്നെ. കുഞ്ഞാപ്പുട്ടിക്കയുടെ കയ്യിൽ നിന്ന് വാങ്ങി തന്ന പഴയ നീല മെട്ട സൈക്കിൾ ഓർമ്മയിലിന്നുമുണ്ട് .... സൈക്കിൾ വേണമെന്ന എന്റെ ആശ തീർക്കാൻ എങ്ങിനെയൊക്കെയോ പണം ഒപ്പിച്ച് വാങ്ങിതന്ന സ്പോട്സ് സൈക്കിളിന്റേത്പോലെ വളഞ്ഞ ഹാൻഡിലുള്ള സൈക്കിൾ .. നാടകങ്ങൾ, ഗാനമേളകൾ . പൂരങ്ങൾ . പെരുന്നാളുകൾ . ഏബിയിലെ സെക്കൻഡ് ഷോ സിനിമകൾ ,ഫുട്ബോൾ കളികൾ തുടങ്ങിയവ കാണാൻ എത്രയെത്ര യാത്രകളാണ് ഞങ്ങൾ ' സംഗീത ക്ലബു'കാർ സൈക്കിളിൽ നടത്തിയിട്ടുള്ളത്.. ചിറക്കലിലെ കുറി കമ്പനിയിൽ കളക്ഷൻ ബോയ് ആയി പണിയെടുക്കുന്ന കാലത്താണ് ആദ്യമായി പുതിയ സൈക്കിൾ ചവിട്ടാൻ തുടങ്ങിയത്. കുറി കമ്പനി വാങ്ങിയ പുതിയ സൈക്കിൾ ഞാൻ തന്നെ കുന്നംകുളത്ത് നിന്ന് ചവിട്ടി നാട്ടിൽ കൊണ്ടുവന്നു. ആ സൈക്കിൾ ചവിട്ടി ലഭിച്ച കുഞ്ഞു വരുമാനത്തിലാണ് ഡിഗ്രിയും പിജിയുമൊക്കെ നേടിയത്. എം. കോമിന് വിവേകാനന്ദയിലേക്ക് പോകുമ്പോൾ പലപ്പോഴും ഒരു രസത്തിന് ഞാനും അജയും അനിഷും സൈക്കിളിൽ ക്യാമ്പസിൽ പോയി .. ഒരു പാരലൽ കോളേജിൽ നിന്ന് മറ്റൊരു പാരലൽ കോളേജിലേക്ക് ക്ലാസെടുക്കാൻ പോകേണ്ട ദൂരവും താണ്ടിയത് സൈക്കിളിലാണ്. . പെട്രാൾ ചിലവ് വേണ്ട. സൈക്കിൾ ചവിട്ടാനുള്ള ആരോഗ്യം മാത്രം മതിയെന്നതിനാലാണ് പല പാരലൽ കോളേജുകളിൽ നിന്നും ലഭിക്കുന്ന മാസ ശമ്പളം വക്ക് പൊട്ടാതെ കിട്ടിയത്.. ഗൾഫിൽ നിന്ന് വന്ന ഞങ്ങടെ സെഫിർ ഇന്നലെ ഒരു സൈക്കിളായിട്ടാണ് ഞങ്ങളുടെ [ സംഗീത ക്ലബ് ] അടുത്തേക്ക് വന്നത്. ഇക്കുറി നാട്ടിലെ ചെറിയ യാത്രകൾക്കും പ്രഭാതത്തിലെ വ്യായാമത്തിനും സൈക്കിളാണ് ഉപയോഗിക്കുന്നത് എന്ന് സെഫീർ പറഞ്ഞു. ഏതായാലും ഞങ്ങളെ പല പഴയ ഓർമ്മകളിലേക്കും ആ സൈക്കിൾ കൊണ്ടുപോയി. ഈ സൈക്കിളിന് കുറേ ഗിയറുകളുണ്ട്.. കുത്തനെയുള്ള കയറ്റം വെറുതെയിരുന്ന് ചവിട്ടിയാൽ പുഷ്പം പോലെ കയറും ... തുടങ്ങിയ ഗംഭീര ഡയലോഗുകൾ കേട്ടപ്പോൾ ഒരു രസത്തിന് ആ സൈക്കിൾ ചവിട്ടി . പക്ഷെ സൈക്കിൾ പണ്ടത്തെ പോലെ തന്നെ . ഒരു മാറ്റവുമില്ല.വട്ടത്തിൽ ചവിട്ടിയപ്പോൾ നീളത്തിൽ പോയി ......

2 comments:

Mini said...

ഇത് വായിച്ചപ്പോള്‍ സൈക്കിൾ ചവിട്ടി വരുന്ന എന്റെ അപ്പച്ഛനെ ഓർത്തുപോയീ. നല്ല എഴുത്ത്.

കുന്നംകുളം ചാക്കോച്ചി said...

അന്നെത്തെ വാഹനം സൈക്കിളായിരുന്നുവല്ലോ. നമ്മുടെ പ്രിയെപെ ട്ടവരുെടെ ഇഷ്ട വാഹനം കാണുമ്പോൾ അവരെ ഓർമ്മവരും