Friday, November 27, 2020

അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ എന്ത്....? ........ ആറ് വർഷം മുന്നെ ടെൽക്കിൽ വന്ന കാലം.. ഒരു ദിവസം കാൻറ്റീനിൽ നിന്ന് ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ കിട്ടിയ കറി എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു... പച്ച മാങ്ങ വലിയ കഷ്ണങ്ങളാക്കി നുറിക്കിയിട്ട് ,തേങ്ങാ പാലൊഴിച്ച ഒരു കിടിലൻ കറി. ആ കറി കഴിച്ചപ്പോഴേ കുന്നംകുളം 'മീൻ കൂട്ടാൻ്റെ ' ഒരു രസം നാവിലേക്ക് കുതിച്ചെത്തി. അന്ന് കിട്ടിയ ആ കറി ഏറെ പ്രശസ്തമായ അങ്കമാലി മാങ്ങാ കറിയാണെന്ന് ടെൽക്കിലെ കൂട്ടുകാർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എനിക്കേറെ ഇഷ്ട്ടായ ആ മാങ്ങാകറി പിന്നെ എത്രയോ തവണ കഴിച്ചു. അങ്കമാലിയിലെ ഏത് ചടങ്ങിലും മാങ്ങാ കറിയുണ്ടാവും. കല്ല്യാണങ്ങൾ, വീട് പാർക്കൽ, റിട്ടയർമെൻ്റ്, വിരുന്ന്, ആദ്യ കുർബ്ബാന.. എന്ന് വേണ്ട എല്ലാ പരിപാടികളിലും മാങ്ങാ കറിയില്ലാതെ അങ്കമാലിക്കാർക്ക് ഊണ് ഇറങ്ങില്ല. കഴിച്ച നാൾ മുതൽ ഞാനും അങ്കമാലി മാങ്ങാകറിയുടെ കട്ട ആരാധകനാണ്... അങ്കമാലി മാങ്ങാ കറി നാവിൽ വെക്കുമ്പോഴൊക്കെ എനിക്ക് ഓർമ്മ വരിക കുന്നംകുളത്തെ കണ്ണമീൻ കറിയാണ്. മാങ്ങാ പൂളിനൊപ്പം അമ്മാമ്മയുടെ കാതുപോലെയുള്ള കണ്ണമീൻ കഷ്ണങ്ങളും ചേർന്ന് പാലൊഴിച്ച അസ്സൽ കണ്ണമീൻ കറി. അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ സാമ്യതകൾ ഏറെയുണ്ടെങ്കിലും ഇവ രണ്ടും നമുക്ക് നൽകുന്ന രുചി രണ്ട് തരത്തിലുള്ളതാണ്. അതത് നാടിൻ്റെ തനതായ എന്തോ മാന്ത്രിക സ്പർശം ഈ രണ്ട് നാടുകളും അവരവരുടെ കറിക്കൂട്ടിൽ ചേർത്തിട്ടുണ്ട്. അങ്കമാലി മാങ്ങാ കറിയിൽ പച്ച മാങ്ങ തന്നെയാണ് നായകൻ. എന്നാൽ കുന്നംകുളം കണ്ണമീൻ കൂട്ടാൻ തെങ്കാശിപട്ടണം സിനിമ പോലെയാണ്. സുരേഷ് ഗോപിയെ പോലെ കണ്ണമീൻ ആണ് പ്രധാന നായകൻ. എന്നാൽ ആ സിനിമയിലെ ലാലിനെ പോലെ മാങ്ങാ കഷ്ണവും നായക തുല്യനാണ്. പുളി കുറഞ്ഞ മാങ്ങയാണ് അങ്കമാലി മാങ്ങാ കറിക്ക് കൂട്ട്. എന്നാൽ കുന്നംകുളത്തെ കണ്ണമീൻ കറിയിൽ മാങ്ങായ്ക്ക് ഇച്ചിരി പുളിപ്പൊക്കെ നിർബന്ധമാണ്.. അങ്കമാലി മാങ്ങാ കറിയിൽ നെടുനായകത്വം വഹിക്കുന്നത് പച്ച മാങ്ങയാണ്. മാങ്ങ വലിയ കഷ്ണങ്ങളായി അങ്കമാലി മാങ്ങാ കറിയിൽ രംഗം നിറഞ്ഞ് കളിക്കുമ്പോൾ കുന്നംകുളം മീൻ കറിയിൽ മാങ്ങാ കഷ്ണങ്ങൾ ഒന്ന് ഒതുങ്ങിയേ രംഗത്തുണ്ടാവൂ. കത്തികൊണ്ട് ഭംഗിയായി പൂളി അത് കൃത്യ അളവുകളായി മുറിക്കപ്പെട്ട്, അമ്മാമ ചെവി പോലെയുള്ള കണ്ണമീൻ കഷ്ണങ്ങൾക്കൊപ്പം രംഗത്തുണ്ടാവുകയെന്നതാണ് കുന്നംകുളം കറിയിൽ പച്ചമാങ്ങാ യുടെ റോൾ. ചെറിയ ഉള്ളി, പച്ചമുളക്, മുളക് , മല്ലി , മഞ്ഞൾ പൊടികൾ, തേങ്ങാപാൽ, വെളിച്ചെണ്ണ തുടങ്ങിയവ തന്നെയാണ് രണ്ടിലെയും സഹകഥാപാത്രങ്ങൾ.. മേൽ പറഞ്ഞതെല്ലാം വേണ്ട അളവിൽ കൂട്ടി ചേർത്ത് വെളിച്ചെണ്ണ ഒഴിച്ച് കൈ കൊണ്ട് ഒന്ന് തിരുമി മൺചട്ടിയിൽ ഇടുന്നത് തന്നെയാണ് രണ്ടിൻ്റെയും സ്വാദിൻ്റെ അടിസ്ഥാന ട്രീറ്റ്മെൻറ്. തിളക്കുമ്പോൾ രണ്ടാം പാലും മാങ്ങാ കഷ്ണവും ചേർത്ത് വേവിക്കുക. പിന്നെ ഒന്നാം പാൽ ചേർത്ത് ഒന്നങ്ങട്ട് തിളച്ച് മറിക്കുക. പിന്നെ ഇത്തിരി കറുകപ്പട്ട , പെരുംജീരക പൊടി, വിനാഗിരിയുമൊക്കെ ചേർത്ത് ഇളക്കുക. ചെറു ഉള്ളി,കറിവേപ്പില തുടങ്ങിയവയൊക്കെ ചേർത്ത് പൊട്ടിചിട്ടാൽ അങ്കമാലി മാങ്ങാ കറിയിൽ നിന്ന് കൊതിയൂറുന്ന മണം ഉയരും. ഇത് മാത്രം മതി ഒരു പറ ചോറുണ്ണാൻ. കുന്നംകുളം മാങ്ങാ കറിയിൽ മാങ്ങാ കഷ്ണങ്ങൾക്കൊപ്പം കണ്ണമീൻ കഷ്ണങ്ങളും ചേർക്കും. കണ്ണമീനും പുളിമാങ്ങയും ചേർന്ന് വേവുമ്പോൾ ഉയരുന്ന മണമുണ്ടല്ലോ.. ഹാ.. ഹാ..അന്തസ്സ് .. വായയിൽ കപ്പലോടും.. പിന്നെ കുന്നംകുളം രീതിയിൽ 'താളിക്കലും ' കഴിഞ്ഞാൽ തകർപ്പനായി.. പണ്ട് കല്ല്യാണ വീടുകളിൽ തലേ ദിവസം മാങ്ങാ കറിയും കണ്ണമീൻ കറിയുമൊക്കെയുണ്ടാക്കുന്നത് സംഭവമായിരുന്നു. പണ്ട് കുന്നംകുളത്തെ കല്ല്യാണ വീടുകളിൽ തലേ ദിവസത്തെ കണ്ണമീൻ വെപ്പ് ഒരു സംഭവം തന്നെയായിരുന്നു.വട്ട ചെമ്പുകളിൽ വെള്ളത്തിൽ നീന്തി തുടിക്കുന്ന കണ്ണമീനുകൾ.. അതിൽ മിടുക്കരായ ചില മീനുകൾ പുറത്ത് ചാടുമ്പോൾ അതിന് പിടികൂടാനുള്ള കുട്ടികളുടെ ബഹളം... ഉരച്ച് മീനിൻ്റെ തൊലി കളയുന്ന സ്ത്രീകളുടെ നാട്ടുവർത്തമാനം.. അമ്മാമ കാതു പോലെ കണ്ണമിൻ കഷ്ണങ്ങൾ കലാപരമായി നുറുക്കുന്ന വിദഗ്ദ്ധരുടെ കൂട്ടം.. മാങ്ങാ പൂളി ക്യത്യ അളവുകളിൽ ചെരിച്ച് കഷ്ണങ്ങളാക്കുന്ന ചേച്ചിമാരുടെ കലപില വർത്തമാനം. തേങ്ങ ചിരകലിൻ്റെയും പിഴിയിലിൻ്റെയും ബഹളം.. വലിയ ഉരുളിയിൽ കണ്ണ മീൻ കറി തയ്യാറാക്കുന്ന അയൽപക്കത്തെ തലമുതിർന്ന പാചക സാമ്രാട്ടുകൾ... ഒടുവിൽ കണ്ണമീൻ കറി ചാറോടെ വിളമ്പുന്ന നാട്ടിലെ വിളമ്പ് കാരുടെ ബഹളം.. കണ്ണൻ മീൻ കറി വിളമ്പൽ അത്ര എളുപ്പമുള്ള പരിപാടിയല്ല.. ചാറ് തുളമ്പി മറ്റുള്ളവരുടെ മേലും അവരവരുടെ മുണ്ടിലും ആക്കാതെ വിളമ്പുന്നത് ഇച്ചിരി പാടുള്ള പണിയാണ്. എന്തായാലും അങ്കമാലി മാങ്ങാ കറിയും കുന്നംകുളം കണ്ണമീൻ കറിയും തമ്മിൽ ഏതോ ഒരു അന്തർധാരയുണ്ടെന്നാണ് എൻ്റെ ഒരു തോന്നൽ. ------ NB. കണ്ണമീൻ എന്ന് പറഞ്ഞാൽ വരാൽ അഥവാ ബ്രാൽ

2 comments:

Mini said...

കുന്നംകുളം കണ്ണമീൻ കറി കൂട്ടി ചോറ് ഉണ്ടിട്ട് കുറേയായി. വായിച്ചപ്പോൾ ഒരു പൂതി, അതൊന്ന് കഴിക്കാൻ...

കുന്നംകുളം ചാക്കോച്ചി said...

ഹ എന്നാ വേഗം മീൻ പിടിക്കാൻ ഇറങ്ങിക്കോളൂ