Monday, November 30, 2020
കവുങ്ങിൻ പറമ്പുകൾ വണ്ടി കയറി പോകുമ്പോൾ -------------- കുറച്ച് ദിവസം മുമ്പ് പോർക്കുളത്ത് വെച്ചാണ് ആ ലോറി കണ്ടത്. ആ വലിയ ലോറിയിൽ നിറയെ മുറിച്ച് മാറ്റിയ കവുങ്ങുകൾ .. ഏതോ കവുങ്ങിൻ തോട്ടം മുറിച്ച് മാറ്റി ഒഴിവാക്കിയതാവണം. കണ്ടപ്പോൾ സങ്കടം തോന്നി. അടയ്ക്കാ കൃഷി നമ്മുടെ നാട്ടിൽ നിന്നും പടിയിറങ്ങി പോകുന്ന സങ്കടകരമായ കാഴ്ച്ച.. അതെ ..മെല്ലെ മെല്ലെ നമ്മൾ അടയ്ക്കാ കൃഷിയും ഉപേക്ഷിക്കുകയാണല്ലോ! ഒരു കാലത്ത് ഈ അടയ്ക്ക കുന്നംകുളത്തും സമീപ പ്രദേശങ്ങളിലും സ്വർണ്ണത്തേക്കാൾ പ്രിയപ്പെട്ടതായിരുന്നു. അന്യ നാട്ടിൽ ശമ്പളത്തിന് നിൽക്കുമ്പോൾ മുതലളായുമായി തല്ലി പിരിയുമ്പോൾ കുന്നംകുളത്ത് കാരൻ പറഞ്ഞിരുന്ന ഒരു സ്ഥിരം ഡയലോഗുണ്ട്. " ൻ്റെ പറമ്പിലെ വീണ് കെടക്കണ ചള്ളടക്ക പറക്കി വിറ്റാമതീട്ടാ ൻ്റെ വീട്ട് ചെലവിന് ...'' ഈ ഡയലോഗും പറഞ്ഞ് കുന്നംകുളത്ത്കാരൻ ഇറങ്ങി പോരും. അത്ര വിശ്വാസമായിരുന്നു അവനെ അടയ്ക്കയോട്. പണ്ടൊക്കെ പെൺമക്കളുടെ കല്ല്യാണമായാൽ കുന്നംകുളത്തെ കർഷകർ ആദ്യം മനസിൽ കാണുക തട്ടിൻ പുറത്തെ കൊട്ടsയ്ക്കാ ചാക്കിൻ്റെ എണ്ണമാണ്. ചാക്കിൻ്റെ എണ്ണം കൂടുന്നതനുസരിച്ച് കർഷകൻ്റെ മനസ്സിലും ആശ്വാസം നിറയും .നൂറ് ചാക്ക് അടയ്ക്കയൊക്കെ തട്ടിൻ പുറത്തുണ്ടായാൽ കല്ല്യണ പെണ്ണിൻ്റെ കഴുത്തിലെ സ്വർണ്ണമാലകളുടെ എണ്ണം കൂടും. കല്ല്യാണത്തിന് ബാൻ്റ് മേളം വരെ കൊണ്ട് വരും. പഴഞ്ഞി പെരുന്നാളിൻ്റെ രാത്രിയിൽ പല നിലകളിലുള്ള അമിട്ടുകൾ ഓരോ നിമിഷവും പൊട്ടി വിരിയുന്ന സ്ഥലം പഴഞ്ഞി അടയ്ക്കാ മാർക്കറ്റിൻ്റെ മുന്നിൽ ആയിരുന്നു. അത് അവിടത്തെ ചുമട്ട് തൊഴിലാളികളുടെ കൂട്ടായ്മയുടെ വകയാണ്. പത്ത് നില മുളിയും പൂവും കത്തി വിരിയുന്നതും അടയ്ക്കാ മാർക്കറ്റിൻ്റെ മുന്നിൽ തന്നെ. ടൺ കണക്കിനെ അടയ്ക്കാ വന്നിരുന്ന പഴഞ്ഞി മാർക്കറ്റിലെ ചുമട്ട് തൊഴിലാളികളുടെ വരുമാനം അന്ന്അത്രമേൽ മികച്ചതായിരുന്നു. അത്രമേൽ പ്രതാപത്തോടെ വാണതായിരുന്നു ഇവിടങ്ങളിൽ അടയ്ക്ക. കവുങ്ങിൻ പറമ്പെന്നെന്നും നമ്മൾ കുന്നുംകുളത്ത്കാർ പറയാറില്ല "കഴുങ്ങിൻ '' പറമ്പും 'കഴുങ്ങു' മെന്നൊക്കെയാണ് നമ്മൾ പറയാറ്. ഇപ്പോൾ വലിയ ഉദ്യോഗസ്ഥരും ബിസിനസ് മാഗ്നറ്റുമൊക്കെ ആയ പല കുന്നംകുളത്ത്കാരും കുട്ടിക്കാലത്ത് കവുങ്ങിൻ പറമ്പിൽ 'തേക്കും തിരിയും' ഒരു പാട് നടത്തിയിട്ടുണ്ടാകും. സ്ക്കൂൾ വിട്ട് വന്നാൽ ഏത് ' വലിയ വിട്ടിലെ മോനോ'യാലും കൈക്കോട്ടുമായി കഴുങ്ങിൻ പറമ്പിലെത്തണം. ഡീസൽ 'എഞ്ചിൻ' ഹാൻഡിലുകൊട്ട് തിരിച്ച് തിരിച്ച് ഒടുവിൽ 'പെട പെടാ പൊട്ടിച്ച് ' വെള്ളം | 'ഓസി'ലൂടെ ചാടിക്കണം. പറമ്പിൻ്റെ നടുവിലൂടെ പോകുന്ന പ്രധാന ചാലിൽ നിന്ന് വെള്ളത്തെ കുഞ്ഞു മൺവരമ്പ് നീക്കി ഇട ചാലുകളിലേക്ക് ഒഴുക്കി വിടണം. പിന്നെ അവിടെ നിന്ന് ഓരോ കവുങ്ങിൻ തടത്തിൻ്റെയും മൺ വരമ്പ് പൊട്ടിച്ച് കവുങ്ങിൻ തടം മുഴുവൻ വെള്ളം നിറയ്ക്കണം. ആ ചാലുകളിൽ കൈക്കോട്ടും കാലും ഉപയോഗിച്ച് മൺ വരമ്പ് കെട്ടിയും പൊട്ടിച്ചും 'ജലവിഭവ മാനേജ്മെൻറ് ' നടത്തിയതാണ് കുന്നംകുളത്ത്കാരൻ്റെ ആദ്യ പ്രയോഗിക പഠനം. അതിരപ്പള്ളിക്കും വാഴച്ചാലുമൊക്കെ കാണും മുമ്പ് കുന്നംകുളത്തെ കുട്ടികൾ ആദ്യം കാണുന്ന വെള്ളച്ചാട്ടം , ഉയർന്ന ചാൽ വരമ്പിൽ നിന്ന് താഴത്തെ ചാലിലെ കരിങ്കൽ കഷ്ണത്തിലേക്ക് കുതിച്ചെത്തുന്ന കവുങ്ങിൻ പറമ്പിലെ വെള്ളചാട്ടമാണ്. കുട്ടുകാരോടൊത്ത് ആ കവുങ്ങിൻ പറമ്പിലെ വെള്ളത്തിൽ ചാടി തിമർത്ത് കുളിച്ചൊരു ബാല്യകാലം കുന്നംകുളത്തിനുണ്ടായിരുന്നു. ആ ചാല് വെള്ളത്തിൽ കൂമ്പാള കൊണ്ടും കടലാസുകൊണ്ടും വഞ്ചിയുണ്ടാക്കി കളിച്ച് തിമർത്തവരാണ് നമ്മൾ. സ്ക്കൂളിലായാലും കോളേജിലായാലും കുന്നംകുളം ഭാഗത്തെ പിള്ളേർ വട്ട ചിലവിനുള്ള കാശ് കണ്ടെത്തിയിരുന്നത് വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പറമ്പുകളിൽ വീണ് കിടക്കുന്ന പഴുക്കടയ്ക്ക പറുക്കി വിറ്റാണ്. അന്നൊക്കെ സ്കൂളിൽ പഠിക്കുന്ന പല കുട്ടികൾക്കും കുറ്റപേരായി വീണിരുന്നത് 'ചളടക്ക' ',കൂരടക്ക' , 'പാറ്റ കഴുങ്ങ്' എന്നൊക്കെയായിരുന്നു. കുന്നംകുളത്തുകാരുടെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള മുകളിലെ അട്ടത്തിൽ പട്ടക്കെട്ടുകൾ അട്ടിയട്ടിയായി വെച്ചിട്ടുണ്ടാകും. കാപ്പിക്കും കുളിക്കാനുള്ള ചൂട് വെള്ളത്തിനും നെല്ല് പുഴുങ്ങാനുമൊക്കെ ഈ പട്ടക്കെട്ടുകളാണ് ഓരോ വീട്ടിലും ഉപയോഗിച്ചിരുന്നത്. പോർക്കുളം കുതിരവേലയ്ക്ക് വെളുപ്പിന് വലിയ പൊയ്ക്കുതിരകൾ എഴുന്നെളളുന്നത് കവുങ്ങിൻ പട്ട ചൂട്ടുകത്തിച്ച നാട്ട് വെളിച്ചത്തിൽ ആണ്. കുംഭ ഭരണിക്ക് കാവു ളിൽ പൊങ്കാല അടുപ്പുകളിൽ ഉപ്പിടാത്ത കൂമ്പാളപ്പം ഉണ്ടാക്കുന്നതും പതിവ് കാഴ്ച്ചയാണ്. കുന്നംകുളം അങ്ങാടികളിൽ പള്ളി പെരുന്നാളിന് ദേശ കമ്മറ്റിക്കാരുടെ കൊടിയേറ്റം നടത്തുമ്പോൾ ഏറ്റവും ഉയരമുള്ള കവുങ്ങ് തേടി ദേശക്കാർ ഓട്ടം തുടങ്ങും. ദേശത്തിൻ്റെ വമ്പേറുന്ന കൊടി ഏറ്റവും ഉയരത്തിൽ പറക്കേണ്ടത് ദേശത്തിൻ്റെ അഭിമാനമാണ്. തിരഞ്ഞെടുപ്പ് കാലത്തും ഉയർന്ന കവുങ്ങിന് ആവശ്യക്കാരേറും. ചെങ്കൊടിയും ത്രിവർണ്ണ കൊടിയും 'കൈയ്യും' 'അരിവാളും ' 'കൽപ്പ യേന്തിയ കർഷകനും ' 'പശുവും കിടാവു'മൊക്കെ വാനിൽ പറന്നുയരാൻ നല്ല ഉറപ്പുള്ള പാറ്റ കഴുങ്ങ് തന്നെ വേണം. കുന്നംകുളത്തെ കല്ല്യാണ പന്തലിൻ്റെയും ഉത്സകമാനങ്ങളുടെയും കവാടത്തിൽ വാഴക്കുലയുടെയും ചെന്തെങ്ങിൻ കുലയുടെയുമൊപ്പം നല്ല മുഴുത്ത പഴുക്ക അടയ്ക്കാകുലുക്കും സ്ഥാനമുണ്ട്. പുഞ്ച കൃഷിയിൽ ഞാറ് കെട്ടാൻ പാള നാരല്ലാതെ എന്തുണ്ട് ! ഓലമേയാനും കമുങ്ങിൻ്റെ അലകും പാള നാരും തന്നെ. പാള നാര് ക്കെട്ടുകൾ കുന്നംകുളത്തെ അങ്ങാടികളിൽ വിൽപ്പനക്കെത്തിയിരുന്നു. കിണുകളിൽ നിന്ന് വെള്ളം കോരാനും പാളയും കയറും കവുങ്ങിൻ്റെ ചാട്ടുങ്കാലുമായിരുന്നല്ലോ ഉപയോഗിച്ചിരുന്നത്. രാത്രികളിൽ, മഴക്കാറുള്ള വൈകുന്നേരങ്ങളിൽ ചീവിടിൻ്റെ 'സംഗീതം: ഇടമുറിയാതെ കവുങ്ങിൻ പറമ്പുകളിൽ നിന്ന് ചെവികളിലേക്ക് ഒഴുകിയെത്തുന്നതും പതിവായിരുന്നു പറഞ്ഞ് വന്നത് ഒരു കാലത്ത് അടയ്ക്കാ കൃഷി കുന്നംകുളത്തെ അത്രമേൽ സ്വാധീനിച്ചിരുന്നു. വീട് അതിൻ്റെ പിന്നിൽ കവുങ്ങിൻ പറമ്പ് . കവുങ്ങിൻ പറമ്പിൻ്റെ പിന്നിൽ പുഞ്ചപാടം. ഇങ്ങിനെയായിരുന്നു കുന്നംകുളത്തെ ഗ്രാമീണ വീടുകൾ പുഞ്ചനെൽകൃഷിയും അടയ്ക്കാ കൃഷിയും കൂടി ചേർന്നൊരു കൃഷി രീതിയായിരുന്നു നമ്മുടെ ഓരോ ഗ്രാമങ്ങളിലും. അതിലെ അടയ്ക്കാ കൃഷിയാണ് ഇങ്ങനെ ലോറികളിൽ മുറിച്ചിട്ട കവുങ്ങിൻ കക്ഷണങ്ങളായി എങ്ങോട്ടൊക്കെയോ പോയി കൊണ്ടിരിക്കുന്നത്. കുന്നംകുളം കഥ കമ്പനി ബിനോയ്. പി.സി
Subscribe to:
Post Comments (Atom)
No comments:
Post a Comment